ചരിത്രം
ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതയായും ദക്ഷിണാ കാശിശ്വരനായ ജനാര്‍ദ്ദന സ്വാമിയുടെ കാരുണ്യ കടാക്ഷത്തിന് പാത്രമായും യുഗ പ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശം കൊണ്ട് ആത്മീയ തേജസ്സാര്‍ന്നും പുരാണ ഇതിഹാസങ്ങളില്‍ പുണ്യ ഭൂമിയായി വേണ്ടുവോളം പാടി പുകഴ്ത്തിയിട്ടുള്ളതുമായ വര്‍ക്കലയുടെ സമുദ്ര പാര്‍ശ്വമായി ഹരിത ശോഭയാര്‍ന്ന് വെട്ടൂര്‍ ദേശം സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രാധാന്യം കൊണ്ടും തീര്‍ത്ഥാടന കേന്ദ്രമെന്നുള്ളതിനാലും വര്‍ക്കലയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. ഐതിഹ്യ മാലയില്‍പറയുന്ന “വെട്ടിത്തെളിച്ച ഊരു” എന്ന പ്രദേശമാണ് വെട്ടൂര്‍ ആയി പരിണമിച്ചത്. പാപനാശവും ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിന്റെ സ്ഥാപനവും അവിടത്തെ ആറാട്ടു മഹോത്സവവും വെട്ടി തെളിച്ച ഊരിലുള്ള വെട്ടൂര്‍ തോടും പൊഴിക്കര പ്രദേശവുമായി നാളീ-നാഭി ബന്ധമുണ്ടെന്നാണ് പഴമക്കാര്‍ പറയുന്നത്. സമൂദ്ര തീരത്തു നിന്നു കുത്തനെ ഉയര്‍ന്നു കിടക്കുന്ന ഈ പ്രദേശം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വൃക്ഷ നിബിഡമായ ഒരു വനപ്രദേശമായിരുന്നു എന്നതിന് തെളിവുകള്‍ ഏറെയുണ്ട്. ചിലക്കൂര്‍കുന്ന്, വെട്ടൂര്‍, ഒസ്സാവിളക്കുന്ന്, മീനാക്കുന്ന്, അരിയിട്ടകുന്ന് എന്നീ പ്രദേശങ്ങള്‍ രാജഭരണ കാലത്ത് പോലും വൃക്ഷ ലതാദികളാല്‍ സമ്പുഷ്ടമായിരുന്നുവെന്ന് ചരിത്രം പറയുന്നു. ചിലക്കൂര്‍ കുന്നിന്റെ അറബിക്കടലില്‍ ആണ്ടു പോയ പ്രദേശങ്ങള്‍ ഇന്നും മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലില്‍ ഏറെ തടസ്സങ്ങളും നാശ നഷ്ടങ്ങളും വരുത്തി വയ്ക്കുന്ന “പാരുകള്‍ ” ആയി അവശേഷിക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയുടെ വടക്കു ഭാഗത്തുള്ള ഈ തീരപ്രദേശം രാജഭരണ കാലാരംഭത്തിന് ശേഷം ഏതാണ്ട് സ്വാതന്ത്ര്യ ലബ്ധി വരെ വളരെ തിരക്കു പിടിച്ചതും സജീവുമായ ഒരു വ്യാപാര വിപണന ഗതാഗത കേന്ദ്രമായിരുന്നു. റ്റി.എസ്. കനാലിലെ പ്രധാന വള്ളക്കടവുകളായിരുന്നു ഒന്നാം പാലവും, വെട്ടൂര്‍ ചൂളപ്പുര കടവും, ചെറിയ തുരപ്പിന് വടക്കുള്ള ചിലക്കൂര്‍ വള്ളക്കടവും, വര്‍ക്കല, പുത്തന്‍ ചന്ത, രഘുനാഥപുരം, ചെറുന്നിയൂര്‍, പാലച്ചിറ, കല്ലമ്പലം തുടങ്ങിയ മേഖലകളിലേയ്ക്ക് എല്ലാ വിധത്തിലുള്ള ചരക്ക് ഗതാഗതവും ഈ കടവുകളിലൂടെയായിരുന്നു. റെയില്‍, റോഡു ഗതാഗത മാര്‍ഗ്ഗങ്ങള്‍ വര്‍ദ്ധിച്ചു വന്ന നാളുകളില്‍ പോലും രാജഭരണ കാലത്തു നിര്‍മ്മിച്ച ഈ കനാല്‍ വഴിയുള്ള ചരക്കു ഗതാഗത അതിശയകരമാം വിധം ചെലവു കുറഞ്ഞതായിരുന്നു. കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശത്തിലും വെട്ടുര്‍ വഴി കടന്നു പോകുന്ന വര്‍ക്കല തോടിനെക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. വിനോദ സഞ്ചാരത്തിന് ഏറെ പേരു കേട്ടതായിരുന്നു ഈ കനാലും അതിലുള്ള രണ്ടു തുരപ്പുകളും. തിരുവിതാംകൂര്‍ രാജാക്കന്മാരുടെയും രാജ കുടുംബത്തില്‍പ്പെട്ടവരുടെയും വിശ്രമ സങ്കേതങ്ങളായിരുന്നു അരിയിട്ട കുന്നിലും ചിലക്കൂര്‍ കുന്നിന്റെ മുകളിലും വള്ളക്കടവിനടുത്തും ഉണ്ടായിരുന്ന ബംഗ്ളാവുകള്‍.ചെറിയ തുരപ്പിന്റെ നിര്‍മ്മാണത്തിനുള്ള മുഴുവന്‍ ചുടുകല്ലുകളും ചുട്ടെടുത്ത കൂറ്റന്‍ ചൂളകള്‍ സ്ഥിതി ചെയ്തിരുന്ന ചരിത്ര പ്രസിദ്ധമായ സ്ഥലമാണ് വെട്ടൂര്‍ ചൂളപ്പുര. ഈ പ്രദേശത്തെ പ്രത്യേക ഗുണമേന്‍മയുള്ള ചെളിമണ്ണ് മുന്തിയ ഇനം ഇഷ്ടികകള്‍ നിര്‍മ്മിക്കാന്‍ അനുയോജ്യമാണെന്ന് തുരപ്പിലെ ചുടുകല്ലിന്റെ ഗുണമേന്മയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും. ഈ കനാല്‍ നശിച്ച് ഗതാഗത യോഗ്യമല്ലാതായാണ് ഒന്നാം പാലം, നെടുങ്ങണ്ട, അരിവാളം, വിളബ്ഭാഗം, റാത്തിക്കല്‍, വെട്ടൂര്‍ , ചൂളപ്പുര, വള്ളക്കടവ് തുടങ്ങിയ പ്രദേശങ്ങള്‍ വികസന പരമായി പിന്നിലാകാന്‍ കാരണം. കലാ സാംസ്കാരിക മേഖലകളിലും ദേശീയ സമരത്തിലും തിളക്കമാര്‍ന്ന സംഭാവനകള്‍ കാഴ്ചവച്ച പ്രദേശങ്ങളാണ് വെട്ടൂരും വിളഭാഗവും നെടുങ്ങണ്ടയും. അരിയിട്ട കുന്ന് സ്കൂള്‍ എന്ന് അറിയപ്പെട്ടിരുന്ന ഇന്നത്തെ ശ്രീനാരായണ വിലാസം ഹൈസ്കൂള്‍ വര്‍ക്കല മേഖലയിലെ ആദ്യത്തെ വിദ്യാഭ്യാസ സാംസ്ക്കാരിക കേന്ദ്രം ആയിരുന്നു. നിരവധി ദേശാഭിമാനികള്‍ക്കും വിപ്ളവകാരികള്‍ക്കും ശ്രേഷ്ഠ വ്യക്തികള്‍ക്കും ജന്മം നല്‍കിയ ഒരു സ്കൂളായിരുന്നു ഇത്. പഞ്ചായത്തിലെ അഞ്ചാലാഫീസ് നെടുങ്ങണ്ട അരിയിട്ടകുന്നിനടുത്ത് ആയിരുന്നു. ഔപചാരിക പ്രാഥമിക വിദ്യാലയങ്ങള്‍ തീരെ ഇല്ലാതിരുന്ന 40 കളില്‍ കയര്‍ തൊഴിലാളി മേഖലകളിലും മത്സ്യബന്ധന മേഖലകളിലും ഏര്‍പ്പെട്ടിരുന്നവര്‍ക്കായി ദേശീയ പ്രസ്ഥാനത്തിലെ ഉത്പതിഷ്ണു വിഭാഗക്കാരും കമ്മ്യൂണിസ്റ്റുകാരും ചേര്‍ന്നു നടത്തിയിരുന്ന നിശാ പാഠശാലകള്‍ ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. അവശ, അവര്‍ണ്ണ ജാതിക്കാരെ ബാര്‍ബര്‍ ഷോപ്പ്, ചായക്കട, പൊതു സ്ഥലങ്ങള്‍ തുടങ്ങിയവയില്‍ പ്രവേശിക്കുന്നതിനും പീഡനങ്ങളില്‍ നിന്നും രക്ഷിക്കുന്നതിനും ഇവര്‍ക്കുള്ള മോചന മാര്‍ഗ്ഗങ്ങള്‍ പറഞ്ഞു കൊടുക്കുന്നതിനും ഈ വിപ്ളവകാരികള്‍ നടത്തിയ സേവനങ്ങള്‍ എക്കാലത്തും ഓര്‍മ്മിക്കപ്പെടും. ശിവദാസന്‍ (മുന്‍ എം.എല്‍.എ) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരില്‍ പ്രധാനിയായിരുന്നു. പഞ്ചായത്തിന്റെ ഇന്നലെകള്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെയും പുരോഗമന നവോത്ഥാന പ്രസ്ഥാനങ്ങളുടേയും ആവേശം ഉള്‍ക്കൊള്ളുന്നതായിരുന്നു. ചരിത്രം പരിശോധിച്ചാല്‍ ഈ പ്രദേശം സ്വാതന്ത്ര്യ സമരചരിത്രത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നതായി കാണാം. വെട്ടൂര്‍ നാരായണന്‍ വൈദ്യര്‍, മാവിളയില്‍ നാണു, വാഴവിള നാണു ആശാന്‍, മീനംകുന്നില്‍ മാര്‍ത്താണ്ഡന്‍ മുതലാളി, അലിയാരുകുഞ്ഞു (കുഞ്ഞുകാക്ക), കാട്ടുവിളയില്‍ ഭാര്‍ഗ്ഗവി എന്നിവര്‍ സ്വാതന്ത്ര്യ സമര പോരാളികളായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ദിവസം വെട്ടൂരില്‍ നിന്നും വര്‍ക്കലയിലേക്ക് നൂറ്റി ഒന്ന് കാളകളെ ചേര്‍ത്തുള്ള ഒരു രഥത്തില്‍ സ്വാതന്ത്ര്യം ആഘോഷിക്കുകയുണ്ടായി. വിദ്യാഭ്യാസ പ്രവര്‍ത്തനത്തില്‍ തല്പരരായി മുന്നാട്ടു വന്നതു സമൂഹത്തിലെ അന്നത്തെ സമ്പന്നന്‍മാരായിരുന്നു. അവരില്‍ പ്രധാനിയായിരുന്നു വിളബ്ഭാഗത്തെ മാവിളയില്‍ നാരായണന്‍ മുതലാളി. സ്വാതന്ത്ര്യാനന്തരകാലത്ത് പൊതു പ്രവര്‍ത്തന രംഗത്ത് കടന്നു വന്നവരില്‍ പ്രധാനികളായിരുന്നു ഗോവിന്ദന്‍ മുതലാളിയും, മീനംകുന്നില്‍ ചന്ദ്രശേഖരന്‍ മാനേജരും. തൊഴിലാളി പ്രവര്‍ത്തന രംഗത്ത് ഈ പ്രദേശം വളരെയേറെ മുന്നിലായിരുന്നു. ആദ്യത്തെ തൊഴിലാളി സമരം പുത്തന്‍ കടവു മുതല്‍ കായിക്കര വരെ മലയാള വര്‍ഷം 126 ല്‍ അഡ്വ. എം. ലോഹിതന്റെ നേതൃത്വത്തില്‍ നടന്ന കയര്‍ തൊഴിലാളി സമരമാണ്.