ഓപ്പറേഷൻ തൂഫാൻ 2.0

September 28, 2026

ലഹരിക്കെതിരെ ജാഗ്രതയോടെ കേരളം: 'ഓപ്പറേഷൻ തൂഫാൻ 2.0' സെപ്റ്റംബർ 28-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായി തടയുന്നതിനായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന വിപുലമായ ലഹരിവിരുദ്ധ ജനകീയ പ്രചാരണ പദ്ധതി 'ഓപ്പറേഷൻ തൂഫാൻ 2.0' ആരംഭിക്കുന്നു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം 2026 സെപ്റ്റംബർ 28 തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് മലപ്പുറം ജില്ലയിലെ എ.ആർ. നഗർ ഗ്രാമപഞ്ചായത്തിൽ വെച്ച് ബഹു. കേരള മുഖ്യമന്ത്രി നിർവ്വഹിച്ചു. ചടങ്ങിൽ തദ്ദേശസ്വയംഭരണ, ആഭ്യന്തര വകുപ്പ് മന്ത്രിമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. കില (KILA) മുഖേന ലൈവ് സ്ട്രീം ചെയ്യുന്ന ഈ ചടങ്ങ് കാണുന്നതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സൗകര്യമൊരുക്കുന്നതാണ്.
പ്രധാന തീരുമാനങ്ങളും നിർദ്ദേശങ്ങളും:
തൂഫാൻ ഫ്ലാഗ് ഉയർത്തൽ & പ്രതിജ്ഞ: ഉദ്ഘാടന ദിവസം സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും 'തൂഫാൻ ഫ്ലാഗ്' ഉയർത്തുകയും സമാന്തര ചടങ്ങുകൾ സംഘടിപ്പിക്കുകയും ചെയ്യും. തുടർന്ന് തൂഫാൻ പ്രതിജ്ഞ, ബോധവൽക്കരണ ക്ലാസുകൾ, വീഡിയോ പ്രദർശനം എന്നിവ നടക്കും.
തൂഫാൻ വാരിയേഴ്‌സ് (Toofan Warriors): ഓരോ വാർഡിൽ നിന്നും ജീവനക്കാർ, കുടുംബശ്രീ-ഹരിതകർമ്മ സേനാ അംഗങ്ങൾ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, അധ്യാപകർ, പെൻഷൻകാർ എന്നിവരിൽ നിന്ന് കുറഞ്ഞത് 10 സന്നദ്ധപ്രവർത്തകരെ തിരഞ്ഞെടുത്ത് 'തൂഫാൻ വാരിയേഴ്‌സ്' ആയി പ്രഖ്യാപിക്കുകയും ബാഡ്ജുകൾ വിതരണം ചെയ്യുകയും ചെയ്യും.
തൂഫാൻ ഗ്രാമസഭകൾ & ജനജാഗ്രതാ സമിതികൾ: വാർഡ് തലത്തിൽ പ്രത്യേക 'തൂഫാൻ ഗ്രാമസഭകൾ' വിളിച്ചുചേർക്കും. നിലവിലുള്ള വാർഡ് തല ജനജാഗ്രതാ സമിതികളിൽ പോലീസിനെയും തൂഫാൻ വാരിയേഴ്‌സിനെയും നിർബന്ധമായും ഉൾപ്പെടുത്തി ലഹരി വ്യാപന സാധ്യതയുള്ള ഹോട്‌സ്‌പോട്ടുകൾ കണ്ടെത്തി നിരന്തര നിരീക്ഷണം ഉറപ്പാക്കും.
വിപുലമായ ജനകീയ പ്രചാരണം: റാലികൾ, തെരുവ് നാടകങ്ങൾ, ഫ്ലാഷ് മോബ്, സൈക്ലിംഗ്/സ്കേറ്റിംഗ് റാലികൾ, ചുവർ ചിത്രരചന, ഗ്രൂപ്പ് ചർച്ചകൾ, രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്യാമ്പുകൾ തുടങ്ങി വിവിധ പ്രചാരണ പരിപാടികൾ തദ്ദേശ സ്ഥാപനങ്ങളിൽ സംഘടിപ്പിക്കും.
12 മാസത്തെ പ്രവർത്തന കലണ്ടർ: 'ഓപ്പറേഷൻ തൂഫാൻ 2.0' കേവലം ഒരു ഏകദിന പരിപാടിയല്ല. 12 മാസം നീണ്ടുനിൽക്കുന്ന പ്രവർത്തന കലണ്ടർ, ജില്ലാ തൂഫാൻ കെയർ കമ്മിറ്റികൾ, തൂഫാൻ ആഫ്റ്റർ കെയർ ഹോമുകൾ, സ്കൂളുകളിലെ തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ എന്നിവയിലൂടെ തുടർച്ചയായ പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കും.

Thoofan