ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ഭൂപ്രകൃതി കൊണ്ട് അനുഗ്രഹീതയായും ദക്ഷിണാ കാശിശ്വരനായ ജനാര്‍ദ്ദന സ്വാമിയുടെ കാരുണ്യ കടാക്ഷത്തിന് പാത്രമായും യുഗ പ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ പാദസ്പര്‍ശം കൊണ്ട് ആത്മീയ തേജസ്സാര്‍ന്നും  പുരാണ ഇതിഹാസങ്ങളില്‍  പുണ്യ ഭൂമിയായി വേണ്ടുവോളം പാടി പുകഴ്ത്തിയിട്ടുള്ളതുമായ  വര്‍ക്കലയുടെ സമുദ്ര പാര്‍ശ്വമായി ഹരിത ശോഭയാര്‍ന്ന് വെട്ടൂര്‍ ദേശം സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രാധാന്യം  കൊണ്ടും തീര്‍ത്ഥാടന കേന്ദ്രമെന്നുള്ളതിനാലും വര്‍ക്കലയോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശത്തിന്റെ പ്രാധാന്യം വളരെ വലുതാണ്.    ഐതിഹ്യ മാലയില്‍പറയുന്ന “വെട്ടിത്തെളിച്ച ഊരു” എന്ന പ്രദേശമാണ് വെട്ടൂര്‍ ആയി പരിണമിച്ചത്.